സമ്പൂർണ്ണ വാരഫലം - ഓഗസ്റ്റ് 02 മുതൽ ഓഗസ്റ്റ് 08 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ അനാവശ്യ ധനവ്യയവും യാത്രാക്ലേശങ്ങളും കാണുന്നു. അലർജി, സാംക്രമിക രോഗങ്ങൾ എന്നിവ ഉണ്ടാകാമെന്നതിനാൽ ശാരീരിക ജാഗ്രത വേണം. വാരമധ്യത്തോടെ ആത്മവീര്യവും ഉണർവും തിരികെ ലഭിക്കുകയും ആത്മനിഷ്ഠമായ തീരുമാനങ്ങളിൽ ശ്രദ്ധയൂന്നാൻ സാധിക്കുകയും ചെയ്യും. വാരാന്ത്യത്തിൽ ചന്ദ്രചാരാനുകൂല്യത്താൽ ധനസ്ഥിതി മെച്ചപ്പെടുകയും കുടുംബത്തിൽ ആനന്ദവും സമാധാനവും ഉണ്ടാകുകയും ചെയ്യും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരാരംഭത്തിൽ പൂർവ്വപ്രയത്ന ഫലമായി സാമ്പത്തിക ലാഭങ്ങളും സുഹൃത്തുക്കളുടെ സഹായത്താൽ കാര്യവിജയവും കൈവരും. ആഴ്ചമധ്യത്തിൽ വ്യയസ്ഥാനത്ത് ചന്ദ്ര സഞ്ചാരം വരുന്നതിനാൽ അപ്രതീക്ഷിത ചെലവുകൾ വരാനിടയുണ്ട്; അതിനാൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. വാര അവസാനത്തോടെ ശാരീരികവും മാനസികവുമായ പ്രസന്നതയും സാമ്പത്തികമായി പൂർണ്ണ അനുകൂല സാഹചര്യങ്ങളും ഉണ്ടാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

അർദ്ധ സർക്കാർ/സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ബഹുമതികളും സഹപ്രവർത്തകരിൽ നിന്ന് സഹകരണവും ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കും. വാരമധ്യത്തിൽ ധനാഗമവും മനീഷിതലാഭവും പ്രതീക്ഷിക്കാം. എന്നാൽ വാരാന്ത്യത്തിൽ അനാവശ്യ ചെലവുകൾ മൂലം ധനക്ലേശവും ആരോഗ്യ അരിഷ്ടതകളും വരാം. അന്യബന്ധങ്ങൾ വഴി അപമാനത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങളിൽ അനുകൂലമായ തീർപ്പുകൾ പ്രതീക്ഷിക്കാം. ഉന്നത പഠനത്തിലും പുണ്യകാര്യങ്ങളിലും താല്പര്യം വർദ്ധിക്കും. വാരമധ്യത്തിൽ തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങളും അവസരങ്ങളും തേടിയെത്തും. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ സാമ്പത്തിക നേട്ടവും വലിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള വഴികളും തെളിയും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ കാര്യതടസ്സങ്ങളും കാലതാമസവും അനുഭവപ്പെടാം. പൂർവിക സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ പ്രതികൂല ഫലങ്ങൾക്ക് സാധ്യതയുണ്ട്. പിതാവിനോ പിതൃബന്ധുക്കൾക്കോ ആരോഗ്യ അരിഷ്ടതകൾ കാണുന്നു. എന്നാൽ വാരാന്ത്യത്തിൽ കർമ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും മേലധികാരികളുടെ പ്രശംസ നേടാനും സാധിക്കും. മംഗള കർമ്മങ്ങളിൽ കുടുംബസമേതം പങ്കെടുക്കാൻ യോഗമുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരാരംഭത്തിൽ കൂട്ടുകെട്ടുകളിലും പങ്കാളിത്ത ബിസിനസ്സിലും മികച്ച വളർച്ച അനുഭവപ്പെടും. കല, സാഹിത്യം, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. വാരമധ്യത്തിൽ ചെറിയ തടസ്സങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാമെന്നതിനാൽ ശ്രദ്ധ വേണം. ആഴ്ചയുടെ അവസാനത്തോടെ പ്രതികൂല സാഹചര്യങ്ങൾ മാറുകയും ദൈവികാനുഗ്രഹത്താൽ മുന്നേറാൻ സാധിക്കുകയും ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആഴ്ചയുടെ തുടക്കത്തിൽ മത്സരങ്ങളിൽ വിജയവും പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള കരുത്തും ലഭിക്കും. ശത്രുജയം, സാമ്പത്തിക ഉന്നതി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. വാരമധ്യത്തിൽ ദാമ്പത്യ സമാധാനവും പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ സാഹചര്യവും ഒരുങ്ങും. എന്നാൽ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ വാക്കുതർക്കങ്ങളിൽ നിന്നും ധനസാഹസങ്ങളിൽ നിന്നും മാറിനിൽക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരാരംഭത്തിൽ വൈകാരിക അനുഭവങ്ങൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശോഭിക്കാൻ സാധിക്കും. വാരമധ്യത്തിൽ കടബാധ്യതകളും തടസ്സങ്ങളും ഒഴിഞ്ഞുമാറി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. വാരാന്ത്യത്തിൽ ജനസമ്മതിയും പൊതുജന പിന്തുണയും വർദ്ധിക്കും. വ്യക്തിബന്ധങ്ങളിലും കുടുംബത്തിലും ശ്രദ്ധ പുലർത്തുന്നത് സമാധാനവും ആനന്ദവും പ്രധാനം ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ കുടുംബത്തിൽ അസ്വാരസ്യങ്ങൾക്കും വാക്കുതർക്കങ്ങൾക്കും സാധ്യത കാണുന്നു. വാഹന ഉപയോഗത്തിൽ ജാഗ്രത വേണം. വസ്തുവകകളിലും വാഹനങ്ങളിലും പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ആഴ്ചയുടെ അവസാനത്തോടെ ചിന്തകളിൽ തെളിച്ചം വരും. സന്താനങ്ങളാൽ സന്തോഷവും ഔദ്യോഗിക രംഗത്ത് എതിർപ്പുകളെ അതിജീവിച്ചുള്ള വിജയവും ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരാരംഭത്തിൽ പുതിയ തുടക്കങ്ങൾക്കും ആശയവിനിമയങ്ങൾക്കും മികച്ച സമയമാണ്. സഹോദര ഗുണം അനുഭവപ്പെടും. വാരമധ്യത്തിൽ ഗൃഹ സംബന്ധമായ കാര്യങ്ങൾക്ക് മുൻഗണന നൽകുകയും മാനസിക ആശ്വാസം ലഭിക്കുകയും ചെയ്യും. ആഴ്ചയുടെ അവസാനത്തിൽ സർഗ്ഗാത്മക കാര്യങ്ങളിൽ ശോഭിക്കും. മാതാപിതാ സ്ഥാനത്തുള്ളവർക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ആഴ്ചയുടെ തുടക്കത്തിൽ സമ്പാദ്യ വർദ്ധനവും സാമ്പത്തിക ഇടപാടുകളിൽ കൃത്യതയും ഉണ്ടാകും. അനാവശ്യ സൗഹൃദങ്ങൾ കാരണം അപവാദം ഉണ്ടാകാൻ ഇടയുണ്ട്. വാരമധ്യത്തിൽ ധൈര്യത്തോടെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സാധിക്കും. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഗൃഹസൗഖ്യം അനുഭവിക്കാനും സാധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പുതിയ ബിസിനസ്സുകൾ ആരംഭിക്കാൻ അനുകൂല വാരമാണ്. വാരാരംഭത്തിൽ സ്വന്തം വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകും. പ്രവർത്തനങ്ങളിൽ കൃത്യതയുണ്ടാകും. വാരമധ്യത്തിൽ ധനാഗമം മെച്ചപ്പെടുകയും കുടുംബത്തിൽ ശുഭവാർത്തകൾ ഉണ്ടാകുകയും ചെയ്യും. വാരാന്ത്യത്തിൽ കാര്യക്ഷമത വർദ്ധിക്കുകയും പുതിയ വാണിജ്യ ബന്ധങ്ങൾ രൂപപ്പെടുകയും ചെയ്യും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.